ഏഷ്യാനെറ്റ് ന്യൂസ്സ് ചാനലിന്റെ പരീക്ഷയും കഴിഞ്ഞ് ആനുകാലിക ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നിന്ന എന്നെ സ്വയം പരിഹസിച്ച് ആ പടികളിറങ്ങി. വായിക്കുന്നവയൊന്നും മനസ്സില്‍ നിര്‍ത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നഎന്റെ ഓര്‍മ്മശക്തിയെ ശപിക്കാന്‍ തോന്നിയില്ല. എല്ലാം നല്ലതിനെന്ന പതിവു ആശ്വാസ ശൈലിയില്‍ വിശ്വാസമുണ്ടായിട്ടുമല്ല, പ്രതികരിക്കാന്‍ തോന്നിയില്ല. മനുഷ്യനെന്നും നിലനിന്നു പോകുന്നത് അവന് പഴിപറയാന്‍ എന്തെങ്കിലുമൊക്കെയുള്ളതു കൊണ്ടാണെന്ന് തോന്നാറുണ്ട്. അവനവനുണ്ടാക്കുന്ന അനാസ്ഥയ്ക്ക് ചുറ്റുമുള്ളതിനെ പഴിപറഞ്ഞു രക്ഷപെടുന്ന പൊതുസ്വഭാവം.
..................ഇവിടെ അഴികളില്ലാത്ത എമര്‍ജന്‍സി ജനാലയ്ക്കലിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ പഴയകാല സിനിമകളിലെ നായികയെപ്പോലെ തോന്നി. സ്‌ക്രീനില്‍ കാഴ്ചകള്‍ പിന്നിലേക്ക് ഓടിച്ച് വാഹനങ്ങളോടിക്കുകയാണെന്ന പ്രതീതിയുണ്ടാക്കുന്ന പഴയകാല സ്റ്റുഡിയോ വിദ്യ. ഇടയ്ക്കിടെ വല്ലാതെ ഉലച്ച്, കറുത്ത കാടുകളും കാറ്റാടിയന്ത്രങ്ങളും പ്രകാശദീപങ്ങളും നിറഞ്ഞ കാഴ്ചക്കൂട്ടങ്ങളെ പിന്നിലാക്കി വേഗത്തില്‍ പോകുകയാണീ ട്രയിനും.
എന്റെ പ്രീയപ്പെട്ട അവസാന ബോഗിയിലാണ്. യാത്രയുടെ തുടക്കത്തില്‍ സ്ത്രീലോകമായിരുന്നു. പിന്നീടെപ്പോഴോ ഏതോ ആണൊരുത്തന്റെ ധൈര്യത്തില്‍ ഇത് സ്ത്രീപുരുഷലോകമായി. ഇവിടെയും പ്രതികരിച്ചില്ല. മിക്കവരുടേയും ഭാര്യമാര്‍ ഇതിനുള്ളിലുണ്ട്. വേണ്ടത്ര പിന്തുണ ലഭിച്ചുവെന്ന് വരില്ല. ഒരു പൊതുതത്വം ഇതിലുമുണ്ട്. പുരുഷമേല്‌ക്കോയ്മയ്ക്ക് വഴങ്ങുന്ന സ്ത്രീമനസ്സ്. എനിക്കെന്തു ചേതം. ഇഷ്ടമുള്ളവര്‍ വഴങ്ങിയും ഇഷ്ടമില്ലാത്തവര്‍ എതിര്‍ത്തും ഇതിങ്ങനെ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും.
എന്നത്തേയുംപോലെ തനിച്ചാണു ഞാന്‍.ഹരമാണെനിക്കീ യാത്രകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പു പോയ തീവണ്ടിയാത്രകള്‍ പോലും മങ്ങലേല്‍ക്കാതെ മനസ്സിലുണ്ട്. പല പല ഭാവങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പലരേയും പരിചയപ്പെട്ടു. ചിലര്‍ ആത്മാവിനോടടുത്തു നിന്നു, മറ്റു ചിലര്‍ ചിന്തകളോടും. വളരെ കുറച്ചു വ്യക്തിത്വങ്ങളെ മാത്രം വെറുത്തും പോയി.
സ്വപ്നവണ്ടിയാണ് തീവണ്ടികള്‍. എത്രയെത്ര സ്വപ്നങ്ങളെ താലോലിച്ചുറക്കാറുണ്ട് ഇവളുടെ മടിത്തട്ടില്‍, സ്വപ്നസാക്ഷാത്കാര യാത്രയില്‍ എത്ര തവണ എത്രയെത്ര വ്യക്തികളെ ഇവള്‍ സഹായിച്ചിട്ടുണ്ടാകും. പുകതുപ്പി കുതിക്കുന്ന ഇവളേപ്പോലെ തന്നെ ജീവിതവും. ഏതോ ഒരു പ്രധാനകേന്ദ്രത്തില്‍ നിയന്ത്രിക്കപ്പെടുന്നു. ഇവളേക്കൊണ്ട് കഴിയുന്നത് ഏതൊക്കെയോ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിര്‍ത്താനും വേഗത കൂട്ടാനും കുറയ്ക്കാനും മാത്രം. തീവണ്ടിപ്പാളങ്ങളുടെ കവലകള്‍ ഇവളെ കുഴപ്പിക്കാറില്ല. കാരണം എത്രയോ നേരത്തേ തന്നെ ഇവള്‍ക്ക് സൂചന കിട്ടിയിരിക്കുന്നു തിരഞ്ഞെടുക്കേണ്ടതേതെന്ന്. ചിലപ്പോഴൊക്കെ അറിഞ്ഞുകൊണ്ടു തന്നെ പാളിക്കിടക്കുന്ന പാളങ്ങളിലേക്കോടിക്കയറുമ്പോഴും കാണുന്ന ഇവളുടെ നിര്‍വികാരത, സ്വയം ഇല്ലാതാവാന്‍ തീരുമാനിച്ചതിന്റെ ധാര്‍ഷ്ഠ്യം പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
ആദ്യമായി തീവണ്ടി കണ്ടത് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളില്‍ നിന്നും പോയ കണ്ണൂര്‍ ടൂറില്‍. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനില്‍ കയറ്റി. ചെറുതായൊന്നു കുലുങ്ങിയ വണ്ടിയില്‍ നിന്നും നിലവിളിയോടെ ചാടിയിറങ്ങിയതും ട്രയിനിന് ഒരു പ്രത്യേക മണമുണ്ടെന്നു കണ്ടുപിടിച്ചതും ഞാനാണ്. ആകാംഷയോടെ അതു സത്യമാണോ എന്നറിയാന്‍ വന്ന കൂട്ടുകാര്‍ മൂക്കുംപൊത്തി മാറി നിന്ന് എന്നെ കളിയാക്കി. പക്ഷേ എനിക്കിന്നും ഇഷ്ടമാണ് ആ മണം. തുരുമ്പിച്ച ഇരുമ്പിന്റെ തണുപ്പുള്ള മണം. കുറേ സമയം കമ്പിവരികളില്‍ പിടിച്ചിരുന്നിട്ട് കൈ മണത്തുനോക്കുന്ന സ്വഭാവം ഇനിയും എന്നെ വിട്ട് പോയിട്ടില്ല.
ആദ്യത്തെ ട്രയിന്‍ യാത്രയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് പിന്നീടൊരിക്കല്‍ തനിച്ച് യാത്ര ചെയ്തു. പക്ഷേ എസ് വണ്‍ , എസ് ടു ....എ ത്രീ തുടങ്ങി കുറെ ക്രമങ്ങള്‍ എന്നില്‍ കൂടുതല്‍ ക്രേമക്കേടുകള്‍ ഉണ്ടാക്കാനേ സഹായിച്ചുള്ളൂ. എവിടെയും കയറാനുള്ള അവകാശം ഇന്ത്യന്‍ പൗരനുണ്ടാകുമെന്ന് കയറി നേരെ കണ്ട വാതിലിലൂടെ ഉള്ളില്‍ കയറി. എന്നും ഇഷ്ടപ്പെടുന്ന ജനലരികത്തുള്ള സീറ്റില്‍ സ്ഥാനവുമുറപ്പിച്ചു. കോട്ടിട്ട ഭൂതം വരുന്നതുവരെ ~ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല...നിറഞ്ഞു തുളുമ്പിയ കണ്ണീരിന്റെ ഇടയില്‍ ഞാന്‍ കണ്ടു, പുച്ഛത്തില്‍ നോക്കുന്ന കുറെ ആള്‍ക്കാരെ.അടുത്തു തന്നെ കണ്ട തിരക്കുള്ള കംപാര്‍ട്ടുമെന്റില്‍ കയറി വിങ്ങിപ്പൊട്ടി. ഇത്ര ഉച്ചത്തില്‍, ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ച് ജീവിതത്തിലിതാദ്യമാണ്. അറിയാതെ പറ്റിപ്പോയ തെറ്റിന് ഇത്ര വലിയ അപമാനമോ!ഒരു പ്രായം ചെന്ന കൈ വന്ന് സാരമില്ലെന്ന് പറഞ്ഞ് തട്ടിത്തന്നു. അന്നു മുതല്‍ തീരുമാനിച്ചു ഈ സാധാരണ ജനങ്ങളുടെ അസാധാരണ ഗുണങ്ങളാണ് എനിക്കു ചേരുന്നതെന്ന്. എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു ഇവള്‍.്യൂഞാന്‍ കണ്ടിരുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ വളരെ വലുതാണെന്നും ചില പ്രാധാന്യമുണ്ടെന്നു കരുതിയവ തീരെ നിസ്സാരമാണെന്നും അങ്ങനെ അങ്ങനെ.....
തിരുനെല്‍വേലി സന്ദിപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് വണ്ടി.കുറെ ചിന്താ വാരികകള്‍ മടിയിലും മുഖത്തിത്തിരി ഗൗരവഭാവവും, അതിനു ചേര്‍ന്ന കണ്ണടയുമുണ്ടെങ്കില്‍ എനിക്കും ഈ പാവങ്ങള്‍ക്കിടയില്‍ തല്ക്കാലത്തേക്ക് ഒരു ബുദ്ധിജീവിയാകാം. ഇങ്ങനെ എന്തെങ്കിലും എഴുതുന്നതു കൂടിയെങ്കില്‍ ഒരു എഴുത്തുകാരി കൂടിയും.
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment