രാവെറിഞ്ഞു തന്ന അകല്‍ച്ചയുടെ നിഴലിലാണ് പകലുണര്‍ന്നത്. ഇസ്തിരിയിട്ടു വച്ച സാരിയുടെ ഇഴകള്‍ക്കിടയില്‍ കിടന്നാണ് ഉറങ്ങിയത്.രാവിലെ സാരിയുടുത്ത് പോകുന്നതും സ്വപ്‌നം കണ്ട്..ആറു മുഴത്തില്‍ എന്നും എനിക്കൊരു പ്രത്യേക സുഖമാണ്. പെണ്ണെന്ന സങ്കല്‍പത്തേയ്ക്ക് കൂടുതല്‍ അടുക്കുന്ന പോലെ തോന്നും. സാരിക്കുള്ളില്‍ എന്നെ കാണുമ്പോള്‍ എനിക്കു പോലും അത്ഭുതമാണ്. അടക്കവും ഒതുക്കവും നാണവുമെല്ലാം ഒരുമിച്ച് പരകായം നേടിയ പോലെ തോന്നും...പെണ്ണെന്ന ചിന്തകളും ജീവിതവുമാണ് എനിക്കേറെ പ്രിയം.
പക്ഷേ ഞാനെന്നും ആണ്‍കുട്ടികളേപ്പോലെ കണക്കാക്കപ്പെട്ടു.. ഒരുപക്ഷേ യുണികോണ്‍ ബൈക്കിന്റെയും രാത്രി സഞ്ചാരത്തിന്റെയും കണക്കിലാവാം എന്നെയും ആണാക്കാന്‍ ശ്രമിച്ചത്. ധൈര്യമുള്ള പെണ്ണ് എന്നറിയപ്പെടുന്നതാണ് പക്ഷേ എനിക്കിഷ്ടം.
ഹരിയെന്ന ചെറുപ്പക്കാരന്‍ എന്നെ അലട്ടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിനങ്ങളായി. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ അയല്‍വാസി ആയേനെ. ഉണ്ണിയെന്ന് സ്‌നേഹപൂര്‍വ്വം പലരും വിളിച്ചിരുന്ന ചെറുപ്പക്കാരന്‍. അവനോടൊപ്പം ഈ നാടും മയങ്ങിയെന്ന് പല നാവുകളില്‍ നിന്നും കേള്‍ക്കാനിടയായി. ഹരിയുടെ വീടിനു മുന്നിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് പോകാറ്. ഓടിട്ട പഴയ വീടിനു മുന്നില്‍ ഒരു ബൈക്ക് അനാഥമായി ഇരിക്കുന്നുണ്ട്. മുറ്റത്ത് വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ തണല്‍ ആ വീടിന്റെ മുകളിലേക്കാണ്. പക്ഷേ കുടുംബത്തിന്റെ യഥാര്‍ത്ഥ തണല്‍മരം അപ്രതീക്ഷിത വെയിലില്‍ കരിഞ്ഞു പോയത് പുറമേ നോക്കുന്ന ആര്‍ക്കും തിരിച്ചറിയാം. അത്രയ്ക്ക് ഉറങ്ങിയാണ് ആ വീട് കിടക്കുന്നത്. അടുത്തറിയണമെന്നുണ്ട് എനിക്കാ വീടിനെ, അതിന്റെ ഭൂതകാലത്തെ...അവിടുണ്ടായിരുന്നവരെ ...ഇപ്പോഴവിടുള്ളവരെ... വീടിന്റെ ഇറയത്ത് ചാരി വച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പലതും പറയുന്നുണ്ട്. ഉണ്ണി ഉപയോഗിച്ചു കൊണ്ടിരുന്ന ബൈക്ക് എന്നു മാത്രമേ എനിക്കതിനേക്കുറിച്ചറിയൂ...ദിവസവും അതു തുടച്ചു വൃത്തിയാക്കാറുണ്ടെന്ന് തുരുമ്പെടുക്കാത്ത ആ ഇരുമ്പു സാധനം കണ്ടാലറിയാം,...ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയോട് പറഞ്ഞ് ആ മോട്ടോര്‍ സൈക്കിള്‍ വില്‍ക്കാനുണ്ടോയെന്ന് ഞാന്‍ അന്വേഷിച്ചതാണ്. ' അതിവിടെ ഇരിക്കുമ്പോ ഒരു ധൈര്യമാ' എന്നാണ് മറുപടി കിട്ടിയത്. ഉണ്ണിയുടെ ചെറുപ്പക്കാരിയായ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ, എന്തുപറഞ്ഞ് അവിടെ കയറി ചെല്ലുമെന്ന് എനിക്കറിയില്ല അതു തന്നെയാണ് പ്രശ്‌നം.
Wednesday, March 21, 2012
Subscribe to:
Posts (Atom)